മരിക്കുന്നവർക്ക് പൊതുവെ രണ്ട് ഖേദങ്ങളാണ് ഉണ്ടാവുക.
മരിച്ചവരെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടാവുന്നതും പലപ്പോഴും അതുതന്നെ.
ഇതുവരെ ശരിക്കൊന്ന് ജീവിച്ചില്ലല്ലോ എന്നതാണ് ഒന്നാമത്തെ ഖേദം.
പരലോക വിശ്വാസിയാണെങ്കിൽ, വരാനിരിക്കുന്ന ജീവിതത്തിലേക്ക് വേണ്ടി ഒന്നും ഒരുക്കി വെച്ചില്ലല്ലോ എന്ന ഖേദം രണ്ടാമത്തേത്.
രണ്ടും വേണം എന്നയാൾ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഒരുക്കം പൂർത്തിയാവുമ്പോഴേക്കും ജീവിതം തീർന്നു പോയി!
അധികപേർക്കും ഈ അബദ്ധം സംഭവിക്കുന്നുണ്ട്. ഇന്നു ജീവിക്കാതെ അവർ നാളേക്ക് വേണ്ടി കാത്തിരിക്കുകയാണ്.
നല്ല ഭക്ഷണം കഴിക്കാൻ, നല്ല വസ്ത്രം ധരിക്കാൻ, അത്യാവശ്യ സൗകര്യങ്ങൾ ഉപയോഗിക്കാൻ..
എല്ലായിടത്തും ഇത് കാണാം.
ഒരു ഇത്തയെ അറിയാം. നല്ല വീടൊക്കെ വച്ചു. പക്ഷെ, വീട്ടിലെ അടുക്കള ഒരിക്കലും ഉപയോഗിക്കില്ല. പുറത്ത് ഓല മേഞ്ഞ ഒരു ചായ്പ് കെട്ടി വെപ്പും തീനുമെല്ലാം അവിടെ. മഴയായാലും വെയിലായാലും മാറ്റമില്ല. അങ്ങനെ അവർ മരിച്ചു പോയി😒
ചില വീടുകളിൽ മനോഹരമായി ഫർണിഷ് ചെയ്ത സ്വീകരണ മുറിയുണ്ടായിരിക്കും. ഒരിക്കലും തുറക്കില്ല, ആരെയും കേറ്റില്ല. വരുന്നവരെയൊക്കെ വരാന്തയിൽ പൊട്ടക്കസേരയിൽ ഇരുത്തും 😊
ചില വീടുകളിൽ പാത്രങ്ങളാലും ഉപകരണങ്ങളാലും ഷോകേയ്സുകൾ നിറഞ്ഞിരിക്കും. പൊടിപിടിച്ചങ്ങനെ ഇരിക്കും. പക്ഷെ, കഴിക്കാനും കുടിക്കാനും വക്കു പൊട്ടിയ പാത്രങ്ങളും ഗ്ലാസുകളും..
ചില വീടുകളിൽ ബാത്റൂമുകൾ ധാരാളമുണ്ട്. ഒന്നും ഉപയോഗിക്കാൻ വീട്ടിലുള്ളവർക്ക് അവകാശമില്ല 😉
പ്രവാസികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവർ നീട്ടിവെച്ചിരിക്കുകയാണ്. നാട്ടിൽ 'സെറ്റ്ൽ ആയിട്ട്' എല്ലാം ചെയ്യാൻ!
കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ട പ്രവാചകൻ അയാളോട് ചോദിച്ചു: 'താങ്കൾക്ക് സമ്പത്തുണ്ടോ?'
'അതെ, പലതരം സമ്പത്തുകൾ.. '
അയാൾ വിവരിച്ചു.
'എങ്കിൽ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ താങ്കളുടെ ജീവിതത്തിൽ കാണണം'
തിരുമേനി അയാളെ ഉപദേശിച്ചു.
അഹങ്കാരം അരുത് എന്നു മാത്രം....
"ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു. "
(ഖുർആൻ - 7:32)
അധികപേരും വർത്തമാനകാലത്ത് ജീവിക്കാതെ ഭാവി കാത്തിരിക്കുകയാണ്. ഇന്ന് തനിക്കുള്ളതല്ലെന്നും തനിക്കുള്ള നാളെ വരാനുണ്ടെന്നും അവർ വിചാരിക്കുന്നു. സുഖവും സന്തോഷവുമെല്ലാം അവർ നാളേക്ക് നീട്ടി വെക്കുന്നു.
ജീവിതത്തിൽ കൈവരുന്ന ചെറിയ നന്മകളിലൊന്നും അവർ സന്തോഷിക്കില്ല. വലുതൊന്ന് വരാനുണ്ടെന്ന് കാത്തിരിക്കുന്നു. അങ്ങനെയിരിക്കെ, അനുവദനീയമായതും സാധ്യമായതുമായ സുഖ-സന്തോഷങ്ങളൊന്നും അനുഭവിക്കാതെ
അവർ യാത്രയാവുന്നു😒
പരലോകത്തേക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതിലും ഈ അബദ്ധമുണ്ട്. തെറ്റുകളൊക്കെ തിരുത്തണം, സൽകർമങ്ങൾ ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും എല്ലാം നീട്ടിവെക്കുന്നു. അതിനിടെ മരണത്തിൻ്റെ മുഹൂർത്തമെത്തുന്നു, ശൂന്യമായ ഭാണ്ഡവുമായി ജീവിതം അവസാനിപ്പിച്ചു പോകുന്നു.
"സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു." (ഖുർആൻ - 59:18)
സന്തുലിതമാവണം ജീവിതമെന്നാണ് ഖുർആൻ നൽകുന്ന പാഠം.
"ചിലർ പ്രാർത്ഥിക്കുന്നു: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം തരേണമേ." അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല.
മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ."
"അവര്‍ സമ്പാദിച്ചതിന്റെ വിഹിതം അവര്‍ക്കുണ്ട്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു. "
(ഖുർആൻ - 2: 200 -202)
നാഥാ, ഇരുലോകത്തും വിജയം വരിക്കുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ..
ആമീൻ
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ